ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ ആലത്തൂര്‍ ബ്ലോക്കില്‍ വടക്കഞ്ചേരി-വടക്കഞ്ചേരി-എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്താണ് വടക്കഞ്ചേരി. ആദ്യകാലത്ത് ഈ പ്രദേശം പാലക്കാട് രാജാവിന്റെ ഭരണത്തില്‍ കീഴിലായിരുന്നു. 1960-ല്‍ വടക്കഞ്ചേരിആയക്കാട്, മംഗലം എന്നീ പഞ്ചായത്തുകള്‍ ഒരുമിച്ച് ചേര്‍ന്നാണ്  ഇന്നത്തെ വടക്കഞ്ചേരി പഞ്ചായത്ത് രൂപീകരിച്ചത്. ഒരേ സമുദായത്തില്‍പ്പെടുന്നവര്‍ കൂട്ടം ചേര്‍ന്ന് ഒരിടത്തുതന്നെ താമസം ആരംഭിച്ചതിന്റെ ഫലമായി ഉണ്ടായതാണ് ഇവിടെ കാണപ്പെടുന്ന ഊരുകളും ചേരികളും. ഓരോ ജനവിഭാഗത്തിനും അവരുടേതായ ആരാധനാലയങ്ങളും അതിനോട് ബന്ധപ്പെട്ട് ഉല്‍സവങ്ങളുമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആലത്തൂര്‍ പ്രദേശം പൂമുള്ളി മന, കവളപ്പാറ നായര്‍ വീട്കൊച്ചി പണ്ടാരം എന്നിവരുടെ അധീനതയിലായിരുന്നു എന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. പാട്ടസമ്പ്രദായമായിരുന്നു കാര്‍ഷികമേഖലയില്‍ നിന്നിരുന്നത്. ഈ സമ്പ്രദായത്തില്‍ നിലനിന്നിരുന്ന അനീതികള്‍ക്കും പീഡനങ്ങള്‍ക്കുമെതിരായി കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ സംഘടിതമായ സമരങ്ങള്‍ക്ക് ഈ പ്രദേശവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1930-കളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പാട്ടവ്യവസ്ഥകള്‍ക്കെതിരായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ ആലത്തൂര്‍ ആര്‍.കൃഷ്ണന്‍ ആയിരുന്നു. പ്രദേശത്ത് നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കെതിരായി രൂക്ഷമായ പ്രക്ഷോഭങ്ങള്‍ നടന്നതായി ചരിത്രരേഖകളില്‍ കാണുന്നു. 1920-കളുടെ തുടക്കത്തില്‍ കേരളമെമ്പാടും വ്യാപിച്ച ശ്രീനാരായണപ്രസ്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും അലയടികള്‍ ഈ പ്രദേശത്തും ഉണ്ടായി. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാതിരുന്ന വടക്കഞ്ചേരി എന്ന കര്‍ഷകഗ്രാമം പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍ 1861-ല്‍ രൂപംകൊണ്ട പാലക്കാട് താലൂക്കിന്റെ ഭാഗമായിരുന്നു. തികച്ചും കര്‍ഷകഗ്രാമമായ വടക്കഞ്ചേരിയില്‍ നാടന്‍കലകളിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായ ഒരു സാംസ്കാരികപൈതൃകമാണുള്ളത്. ദീര്‍ഘകാലം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നതിനാലും പാലക്കാടന്‍ ചുരത്തിനടുത്തായതിനാലും തമിഴുമായി ഇഴ ചേര്‍ന്നുകിടക്കുന്ന ഒരു സംസ്കാരമാണ് ഇവിടുത്തേത്. പല അനുഷ്ഠാനകലാരൂപങ്ങളിലും തമിഴ് കലര്‍ന്ന മലയാളത്തിന്റെ സങ്കരരൂപമാണ് കാണുന്നത്. പൂര്‍ണ്ണമായും തമിഴ്ഗാനങ്ങളുള്ള നാടന്‍ കലാരൂപങ്ങളും നിലവിലുണ്ട്. വിവിധ ക്ഷേത്രകലകളും വിളവെടുപ്പുല്‍സവങ്ങളും മതപരമായ ആഘോഷങ്ങളുമാണ് വടക്കഞ്ചേരിയുടെ സാംസ്കാരികാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. മനുഷ്യരുടെ സാമൂഹ്യാവകാശങ്ങളെ  വിവിധ ജാതികളും ഉപജാതികളും വേര്‍തിരിച്ചിരുന്നു. മേല്‍ജാതി- കീഴ്ജാതി വിഭജനത്തിനൊപ്പം പെരുമാറ്റച്ചട്ടങ്ങളുമുണ്ടായിരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയൊക്കെ ഈ സാമൂഹ്യക്രമം അനുവര്‍ത്തിക്കപ്പെട്ടിരുന്നു. വിവിധ വിഭാഗക്കാരുടെ ആചാരങ്ങള്‍വേഷവിധാനങ്ങള്‍ സംബോധന രീതികള്‍ എന്നിവ വ്യത്യസ്തമായിരുന്നു. നമ്പൂതിരി വീടുകളെ മന എന്നാ ഇല്ലം എന്നാ ആണ് പറയുക. തമിഴ് ബ്രാഹ്മണര്‍ കൂട്ടമായിവസിച്ചിരുന്ന അഗ്രഹാരങ്ങളിലെ വീടുകള്‍ മഠങ്ങളാണ്. ഈഴവ പ്രമാണിമാരും മുസ്ളീങ്ങളും ക്രിസ്ത്യാനികളും താമസിക്കുന്ന ഭവനത്തിനും അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്. കുടിയാന്‍മാരായ പിന്നോക്കക്കാരുടെ താമസസ്ഥലത്തിന് കുടിചാളകള്‍ എന്നുമാണ് പറഞ്ഞിരുന്നത്. മിശ്രവിവാഹമോമിശ്രഭോജനമോ നിലവിലുണ്ടായിരുന്നില്ല. 1930-കളില്‍ അയിത്തോച്ചാടനനിയമം നിലവില്‍ വന്നിട്ടുപോലും ഹരിജനങ്ങള്‍ക്ക് ഹോട്ടലുകളില്‍ പ്രവേശനമുണ്ടായിരുന്നില്ല. 1952-53 കാലത്തുപോലും ബാര്‍ബര്‍ഷാപ്പുകളില്‍ ഹരിജനങ്ങള്‍ക്ക് മുടിവെട്ടി കൊടുക്കാറില്ലായിരുന്നു. അയിത്ത ജാതിക്കാര്‍ക്കിടയില്‍ തന്നെ മേല്‍ ജാതികീഴ്ജാതി  വ്യത്യാസമുണ്ടായിരുന്നു. അവര്‍ തമ്മിലും അയിത്തമാചരിച്ചിരുന്നു. 1942-ല്‍ എസ്.എന്‍.ഡി.പി.യോഗത്തിന്റെ  നേതൃത്വത്തില്‍ ഇപ്പോഴത്തെ ആലത്തൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. എഴുത്തുപള്ളിക്കൂടമെന്നറിയപ്പെട്ടിരുന്ന ഏകാധ്യാപക സ്ഥാപനങ്ങളായിരുന്നു പഴയകാലത്ത്  നാട്ടിന്‍പുറങ്ങളില്‍  നിലവിലിരുന്ന പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങള്‍. ഒരു മാതൃകാ കര്‍ഷകഗ്രാമത്തിന്റെ എല്ലാ സവിശേഷതകളും ഒത്തുചേര്‍ന്ന ഇവിടെ കരിയുംനുകവുമായിരുന്നു മുന്‍കാലങ്ങളിലെ പ്രധാന കാര്‍ഷികോപകരണങ്ങള്‍. പനചെത്തുംകള്ള്ചക്കര വ്യവസായവും വ്യാപകമായുണ്ടായിരുന്നു.